Tuesday, November 4, 2014

ഈ ചുംബനം നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടൊ?

കോഴിക്കോട് ഡൌണ്‍ ടൌണ്‍ രേസ്റൊരന്റ്റ് ആക്രമിച്ചതിൽ പ്രതിഷേധിച്ചു ഏറണാകുളം മറൈൻ ഡ്രൈവിൽ നടന്ന ചുംബന സമരം ബജ്രന്ഗ്ദൽ-എസ് ഡി പി ഐ- ശിവസേന- കെ എസ് യു- കൊച്ചിൻ ഫ്രീകെര്സ് - പോലീസ് സഖ്യം അടിച്ചമർത്താൻ ശ്രമിച്ചത്‌ ഈയിടെയാണ്. എന്നാൽ ഈ സമരം വമ്പിച്ച വിജയമായി എന്ന് പറയാതെ വയ്യ. ഈ സമരം മൂലം ആദിവാസികളുടെ നില്പ് സമരം പോലത്തെ സമരങ്ങൾ മുങ്ങിപ്പോയെക്കും എന്ന സംശയങ്ങൾ കൊണ്ട് ആദ്യം സമരത്തിൽ നിന്ന് മാറി നിന്നവർ പോലും ഭരണകൂടത്തിന്റെയും വ്യവസ്ഥാപിത മത-ബ്രാഹ്മണ-സവർണ്ണ വാദികളുടേയും ഫാസിസ്റ്റ് നടപടി മൂലം ഈ സമരം അനിവാര്യമായിരുന്നു എന്ന് സമ്മതിക്കേണ്ടി വന്നിരിക്കുന്നു.

ഡൌണ്‍ ടൌണ്‍ രേസ്റൊരന്റ്റ് ആക്രമിച്ചത് യുവമോർച്ചയായത് കൊണ്ട് അതിലെ വർഗീയാംശം മാത്രം കണ്ടു യുവമോര്ച്ചക്കെതിരെ പ്രതികരിച്ച മറ്റ് വ്യവസ്ഥാപിത സംഘടനകളും ചുംബനസമരതിന്റെ കാര്യം വന്നപ്പോൾ അവരുടെ പുരോഗമനത്തിന്റെ മുഖം മൂടി അഴിച്ചു മാറ്റാൻ നിര്ബന്ധിക്കപ്പെട്ടു. സമാധാനപരമായി പ്രതിഷേധിക്കുന്ന പ്രവർത്തകരെ അക്രമം കൊണ്ടും പെപ്പർ സ്പ്രേ കൊണ്ടും കണ്ണീർ വാതകം കൊണ്ടും നേരിടാൻ അക്രമികൾ ശ്രമിച്ചു . അവർ ചുംബനസമരതിൽ പങ്കെടുക്കാൻ വന്ന സ്ത്രീകളെ ഉപദ്രവിക്കുകയും തെറി വിളിക്കുകയും ചെയ്തു. ഇതെങ്ങനെയാണ് 'സദാ'ചാരത്തിന്റെ ഭാഗമാവുന്നത്? എന്തായാലും ഈ സംഭവം സദാചാരത്തെ കുറിച്ച് ഒരു പുനരാലോചനക്ക് തന്നെ വഴിയൊരുക്കിയിട്ടുണ്ട് എന്നതില്‍ സംശയമില്ല. 

എന്ത് കൊണ്ടാണ് ചുംബനത്തെ ഭരണകൂടവും വ്യവസ്താപിത വാദികളും ഭയക്കുന്നത് ? ചുംബനത്തിന്റെ കാര്യം വന്നപ്പോള്‍ എന്ത് കൊണ്ടാണ് രണ്ട് അഗ്രങ്ങളില്‍ നില്‍ക്കുന്ന വര്‍ഗീയ സംഘടനകള്‍ ഒന്നായത് ? ശിവലിംഗത്തെ ആരാധിക്കുന്ന ശ്രീകൃഷ്ണന്റെ ലീലാവിലാസങ്ങൾ പാടിപ്പുകഴ്ത്തുന്ന മാതാ അമൃതാനന്ദമയിയുടെ ചുംബനത്തിനായി(അത് തെറ്റെന്ന്  തോന്നുന്നില്ല ) തിക്കും തിരക്കും കൂട്ടുന്ന , അതിനെതിരെ ഒരു  ശബ്ദവും ഉയർത്താത്ത പൊതുജനം എന്ത് കൊണ്ടാണ് യുവാക്കളുടെ ചുംബനസമരത്തിൽ മാത്രം അശ്ലീലവും മൂല്യച്യുതിയും കണ്ടത് ? ഇതേ വ്യവസ്ഥാപിത വാദികൾ തന്നെയല്ലേ പണ്ട് സ്ത്രീകള്ക്ക് മാറ് മറക്കാനുള്ള അവകാശം നിഷേധിച്ചത് ? തമ്പ്രാന് തീണ്ടലായിട്ടും അടിയാത്തിപ്പെണ്ണിനെ കാമപൂര്‍ത്തിക്കുള്ള യന്ത്രമായി കണ്ടതും നായര്‍ സ്ത്രീകളെ നമ്പൂതിരിമാരുടെ ‘വേളി‘കള്‍ക്കു പുറമേ സംബന്ധം എന്ന് ഓമനപ്പേരിട്ട (ഇന്നത്തെ കാലത്ത് ‘അവിഹിതം’) നിലനിര്‍ത്തിയിരുന്നതുമായ ഒരു സാംസ്കാരിക പൈതൃകം നമ്മുടെ നാടിനുണ്ട്. ഇന്ന് വസ്ത്രധാരണത്തിന്റെ പേരിലും ‘സദാചാര’ ത്തിന്റെ പേരിലും സ്ത്രീകളെയും സ്ത്രീപുരുഷബന്ധങ്ങളെയുമെല്ലാം പ്രതിക്കൂട്ടിലാക്കുന്ന സവര്‍ണ്ണ പുരുഷാധിപത്യ സമൂഹം തങ്ങളുടെ പാരമ്പര്യം മറക്കാതിരുന്നാല്‍ നല്ലതാണ്

.
വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടതെന്ന രൂപത്തിലുള്ള കമ്മീഷനുകള്‍ പോലും ചുംബനസമരത്തെ എതിര്‍ക്കാന്‍ കൂട്ടുപിടിക്കുന്നതും സ്ത്രീകളെ തടവിലാക്കിയ, അവളുടെ അവകാശങ്ങള്‍ നിഷേധിച്ച ആ ‘പൈതൃക’(മാതൃകം ? എന്താണത് ?)ത്തെയാണ് എന്നത് എന്ത് വിരോധാഭാസമാണ്. സ്ത്രീകളെ കൊണ്ട് സെറ്റ് സാരി ഉടുപ്പിച്ച് വായ മൂടി കെട്ടിച്ച്  കെ എസ് യുവിന്റെ പുരുഷാധിപത്യ ബോധം നടത്തിയ പ്രതിഷേധവും ഭീതി ഉളവാക്കുന്നു. എന്താണവര്‍ യധാര്‍തത്തില്‍ പറയാന്‍ ഉദ്ദേശിച്ചത് ? ഞങ്ങള്‍ക്ക് സ്വന്തമായി ചുണ്ടുകളും നാവുകളും ഇല്ല.. ഞങ്ങള്‍ പുരുഷാധിപത്യത്തിന്റെ വക്താക്കള്‍ മാത്രമാണ് എന്നോ ?

ചുംബന സമരതിനെതിരെയുള്ള പ്രതിഷേധങ്ങൾ തന്നെ ഈ ചുംബനത്തെ ഭരണകൂടവും ആധിപത്യവ്യവസ്ഥകളും ഭയക്കുന്നു എന്നതിന്റെ തെളിവാണ്. സംസ്കാരം തകര്‍ക്കാന്‍ അനുവദിക്കില്ല എന്നും അത് തകര്‍ന്നാല്‍ ഈ സമൂഹത്തിന്റെ അടിത്തറ തന്നെ ഇളകും എന്നുമാണവര്‍ പറയുന്നത്. ഇത്തരം ഒരു തട്ട് തട്ടായുള്ള വ്യവസ്ഥ തകര്‍ന്നാല്‍ അത് ബാധിക്കുന്നത് അതിന്റെ ഗുണഭോക്താക്കളായ മുകള്‍ തട്ടിലുള്ളവരെ മാത്രമായിരിക്കും. തങ്ങളുടെ അധീനതയിലുള്ള ഈ ‘ആധിപത്യ സദാചാര’തത്വ സംഹിതകള്‍ സ്ത്രീകളെയും മറ്റ് കീഴ്തട്ടിലുള്ളവരെയും ചൂഷണം ചെയ്യാനുള്ളതാണ് എന്നത് കൊണ്ട് തന്നെ അതിന്റെ തകര്‍ച്ച താഴെ തട്ടിലുള്ളവരെ പ്രതികൂലമായി ബാധിക്കില്ല എന്ന് മാത്രമല്ല അതിന്റെ തകര്‍ച്ചയിലൂടെയേ അവര്‍ക്ക് മോചനം സാധ്യമാവുകയുള്ളൂ. സ്ത്രീകൾ ഇന്നതെത് പോലെ വെറും രണ്ടാം തരം പൌരന്മാരായതും അടിമകൾ ആയതും സ്ത്രീപുരുഷ ബന്ധങ്ങൾ സാമ്പത്തിക ബന്ധങ്ങൾ ആയതുകൊണ്ടാണ് അത് കൊണ്ട് തന്നെ ഈ വ്യവസ്ഥ ഇങ്ങനെ തന്നെ നിലനിര്‍ത്തേണ്ടത് ആധിപത്യ പ്രത്യയശാസ്ത്രങ്ങളുടെ ആവശ്യമാണ്. ഇത് കൊണ്ട് തന്നെയായിരിക്കാം സദാചാരം സംരക്ഷിക്കാന്‍ വേണ്ടി അവര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും ഭര്‍ത്താവിന്റെ ബലാത്സംഗത്തെ ബലാത്സംഗമായി കാണാത്തതും വിവാഹത്തിന്റെ അകമ്പടിയില്ലാത്ത അല്ലെങ്കില്‍ വിവാഹത്തിന് പുറത്തുള്ള പ്രണയ-ലൈംഗിക ബന്ധങ്ങളെയും മറ്റും അനാശാസ്യവും വ്യഭിചാരവുമാക്കുന്നതും. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധവും പീഡനവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയാത്ത വിധം പൊതുബോധം നിര്മ്മിക്കപ്പെട്ടിരിക്കുന്നു.



ചുംബനസമരത്തിനെതിരെ പ്രതിഷേധിക്കാന്‍ വന്നവര്‍ തന്നെയാണ് ഈ സമരത്തെ വിജയിപ്പിച്ചത്. വ്യവസ്ഥയും ഭരണകൂടവും എത്രമാത്രം മര്‍ദ്ദകസ്വഭാവമുള്ളതാണെന്നും ഫാസിസം എത്ര ഭീകരമായി ഇവിടെ നിലനില്‍ക്കുന്നു എന്നതിന്റെയും സൂചനയാണിത് . ഈ സമരത്തിന്റെ വിജയം മറ്റ് സമരങ്ങളെയും ഗുണകരമായി ബാധിച്ചേക്കാം. ചുംബനസമരം വ്യക്തിസ്വാതന്ത്ര്യം സ്ഥാപിക്കാനും രണ്ട് പേര്‍ക്ക് ചുംബിക്കാനും ഉള്ള അവകാശത്തിനു വേണ്ടി മാത്രമുള്ള സമരമല്ല, മറിച്ച് ഫാസിസത്തിനെതിരെയുള്ള, ആധിപത്യസദാചാരമൂല്യങ്ങള്‍ക്കെതിരെയുള്ള ഒരു സമരം കൂടിയാണ്.


image-art.alphacoders.com

No comments:

Post a Comment