Wednesday, January 20, 2021

മഹത്തായ ഇന്ത്യൻ അടുക്കള... കുടുംബത്തിൻ്റെ ഒരു നേർച്ചിത്രം

 



സത്യൻ അന്തിക്കാട് സിനിമകളിൽ കാണുന്ന 'ഗ്രാമത്തിൻ്റെ വിശുദ്ധി', 'അമ്മിക്കല്ലിലരച്ച നല്ല നാടൻ ചമ്മന്തി ', 'കുടുംബ ബന്ധങ്ങളിലെ  നന്മ ', 'കുടുംബത്തിൻ്റെ മഹത്വം' ഇതെല്ലാം നാണിച്ച് മാറി നിൽക്കും ഒരുപക്ഷേ ഈ സിനിമക്ക് മുമ്പിൽ. ആദ്യം തന്നെ പറയട്ടെ, ഈ സിനിമ കാണാത്തവർ ദയവ് ചെയ്ത് ഇത് വായിക്കരുത്. കാരണം, പലരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ പോന്ന എന്തോ ഒന്ന് ഈ സിനിമയിലുണ്ട്. നമ്മളിത്രയും കാലം മനസിൽ കൊണ്ടു നടന്ന വിഗ്രഹങ്ങളെല്ലാം ഉടത്തു പോയേക്കും. മുമ്പ് മഹത്തരം എന്ന് കണ്ട് ഇഷ്ട സിനിമകളുടെ പട്ടികയിലിടം പിടിച്ച പല മലയാളം സിനിമകളും  വെറുക്കപ്പെട്ടവയുടെ കൂട്ടത്തിലാവാനും സാധ്യതയുണ്ട്. ഇത് നമ്മളോട് തന്നെയുള്ള ഒരു കലഹമാണ്. സമരസപ്പെട്ട് സമരസപ്പെട്ട് മഹത്വവൽക്കരിക്കപ്പെടുന്ന ആ 'കുടുംബത്തിൻ്റെ സുരക്ഷിതത്വ'ത്തിൽ നിന്നുള്ള ഇറങ്ങിപ്പോക്കാണ് ചിലർക്കിത്. മറ്റ് ചിലർക്കോ കൂടെ കഴിയുന്നവൾ അലങ്കാരമോ ഉപകരണമോ അല്ലെന്നുള്ള തിരിച്ചറിവും. വേറെ ചിലർക്കാകട്ടെ " അല്ല, ഞാനങ്ങനെയല്ല, എൻ്റെ ഭാര്യയങ്ങനെ അല്ലെ " ന്നുള്ള അലമുറയിടലും. എന്തു തന്നെയായാലും കണ്ടാസ്വദിച്ച് മറന്ന് പോകുന്ന ചിത്രങ്ങൾക്കിടയിൽ ഇതൊരിക്കലും വരില്ല. 

അനാവശ്യ പാശ്ചാത്തല സംഗീതത്തിൻ്റെ അകമ്പടിയില്ലാതെ ജീവിതത്തിൽ നിരന്തരം കണ്ടു കൊണ്ടിരിക്കുന്ന ഫെയിമുകളിലൂടെ കഥ പറയുകയാണ് 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ '. സിനിമയുടെ ഭൂരിഭാഗവും അപഹരിച്ചിരിക്കുന്നത് പേരു പോലെത്തന്നെ അടുക്കളയാണ്. കഥാപാത്രങ്ങളുടെയൊന്നും തന്നെ പേര് സിനിമയിലെവിടെയുമില്ല. അല്ലെങ്കിൽത്തന്നെ പേരിന് വലിയ പ്രസക്തിയൊന്നുമില്ല. നമ്മളൊക്കെത്തന്നെ കണ്ടു പരിചയിച്ചവരാണ് ഓരോ കഥാപാത്രവും. നമ്മളോരോരുത്തരും തന്നെയാണവർ.

സ്ത്രീധനത്തെക്കുറിച്ച് നിശബ്ദമായി കാഴ്ചകളിലൂടെ മാത്രം സംവദിക്കുന്നുണ്ട് ഈ സിനിമയിൽ. വിവാഹ ദിവസം വരൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന അലങ്കരിച്ച പുതിയ ചുവന്ന കാർ താലി കെട്ടിയ വധുവിനെ ഓർമ്മിപ്പിക്കുന്നു. ഇതിലെ നിമിഷ സജയൻ അവതരിപ്പിച്ച പ്രധാന കഥാപാത്രമായ മരുമകളുടെ ഭർത്തൃഗൃഹത്തിലെ ആദ്യ ദിവസങ്ങളിൽ കൈനിറയെ അണിഞ്ഞിരുന്ന സ്വർണ്ണവളകൾ അമ്മായിയമ്മ മകളുടെ വീട്ടിൽ താമസിക്കാൻ പോകുന്നത് മുതൽ കാണാതാവുന്നുണ്ട്. തലേ ദിവസം അമ്മായി അച്ഛൻ അലമാരയിൽ വച്ച് ഭദ്രമായി പൂട്ടി വെച്ചത് അവളുടെ സ്വർണമാണെന്നത്  സംഭാഷണത്തിൻ്റെ അകമ്പടിയില്ലാതെ ചിത്രീകരിച്ചിട്ടുണ്ട്. 

അഭിനേതാക്കളോരോരുത്തരും തന്നെ മികച്ച നിലവാരം പുലർത്തി. സുരാജ് അവതരിപ്പിച്ച ഭർത്താവിൻ്റെ കഥാപാത്രം അതിലൊന്നാണ്. വീട്ടിൽ ഭാര്യക്ക് പെറുക്കാൻ മേശപ്പുറത്ത് എച്ചിൽക്കഷണകളിടുന്ന പ്ലസ് ടു അധ്യാപകനായ ഭർത്താവ് പക്ഷേ, പുറത്ത് റെസ്റ്റോറൻ്റിൽ എച്ചിൽ അതിന് വച്ച പാത്രത്തിൽ മാത്രമിടുന്നത് കാണാം. പല സീനുകളിലും ഭാര്യയോട് വളരെ സ്നേഹത്തിൽ പെരുമാറുന്ന ഭർത്താവിൻ്റെ ആൺബോധം ചിലപ്പോഴൊക്കെ വ്രണപ്പെടുന്നുണ്ട്.' വാത്സല്യം' പോലൊരു സിനിമയായിരുന്നെങ്കിൽ കുറച്ച് മെലോഡ്രാമ ചേർത്ത് ആളെ വെള്ളപൂശി കുട്ടപ്പനാക്കുമായിരുന്നു, ഭാര്യയെ അഹങ്കാരിയും

അമ്മായിയച്ഛനായി അഭിനയിച്ച ടി സുരേഷ് ബാബുവിൻ്റെ പ്രകടനം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. പല്ലു തേക്കാൻ വരെ ബ്രഷ് മുന്നിലെത്തണം. പുറത്തിറങ്ങുമ്പോൾ ഭാര്യ ചെരിപ്പുമായി ഉമ്മറത്തെത്തണം. വളരെ മയത്തിൽ 'മോളേ ' എന്ന് മാത്രം വിളിച്ച് സംസാരിക്കുന്ന അയാളെ ഒന്ന് പൊട്ടിക്കാൻ തോന്നാത്തവർ കുറവായിരിക്കും. പല തരം അടുക്കളകൾ സിനിമയിൽ കാണിക്കുന്നുണ്ട്. സുരാജിൻ്റെ വീട്ടിലെ അടുക്കളയിൽ തന്നെ പലരും പെരുമാറുന്നുണ്ട്. രാവിലെ മേശപ്പുറത്തിരിക്കുന്ന ആണുങ്ങൾക്ക് മുന്നിൽ ചൂടു ദോശയെത്തിക്കാൻ ഓടുന്ന അമ്മായിയമ്മയും മരുമകളും.. കാസറോളിൽ വച്ച ദോശ തൊട്ട് നോക്കി "എടീ ചൂട് ദോശയില്ലേ" എന്ന് ചോദിക്കുന്ന ഭർത്താവ് , പക്ഷേ ഭാര്യയുടെ ആർത്തവ സമയത്ത് വേലക്കാരി കാസറോളിൽ വച്ച ദോശ പരാതിയേതുമില്ലാതെ കഴിക്കുന്നുമുണ്ട്. പഴയ 'തറവാട്ടു മഹിമ 'യുള്ള ഭർതൃവീട്ടിലുള്ളവർക്ക് മാത്രമല്ല ഇത്തരം പ്രശ്നങ്ങളുള്ളത്. ഒരു ഗ്ലാസ് വെള്ളം പോലും സ്വന്തമായി എടുത്തു കുടിക്കാനറിയാത്ത ആങ്ങള നമ്മുടെ നായികക്കുമുണ്ട്.

ആർത്തവ സംബന്ധമായ തൊട്ടുകൂടായ്മയും സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. തനിക്ക് പിരീഡ്സായെന്ന് ആദ്യമായി ഭാര്യ പറയുമ്പോൾ ഭക്ഷണമുണ്ടാക്കുന്നതാരാണെന്ന കാര്യത്തെക്കുറിച്ചാണ് ഭർത്താവ് ചിന്തിക്കുന്നത്. എന്നാൽ പാഡില്ലാത്ത കാര്യമാണ് താൻ പറയാനുദ്ദേശിച്ചതെന്ന് പറയുമ്പോൾ ഭർത്താവിൻ്റെ മുഖം വാടുന്നു. ഭാര്യയുടെ ആർത്തവ സമയത്ത് ശബരിമലക്ക് പോകാൻ നിൽക്കുന്ന ഭർത്താവിന് വേണ്ടി അവൾ ഒരു വിട്ടുവീഴ്ചയുമില്ലാതെ പലതും സഹിക്കേണ്ടി വരുന്നുണ്ട്. എന്നാൽ സഹനവും ക്ഷമയും വേണ്ട സ്വാമി ആചാരത്തിൽ പല വിട്ടുവീഴ്ചകളും ചെയ്യുന്നുമുണ്ട്.

അടുക്കളയിലെ സിങ്കിന് താഴെയുള്ള പൊട്ടിയൊലിക്കുന്ന പൈപ്പ് മലീമസമായ ദാമ്പത്യത്തെ സൂചിപ്പിക്കുന്നു. എത്ര നന്നാക്കണമെന്ന് പറഞ്ഞിട്ടും നന്നാക്കാതെ കിടന്ന പൈപ്പ്, അതിൽ നിന്നിറ്റുന്ന ബക്കറ്റിൽ പിടിച്ചു വെക്കുന്ന മലിനജലം, എത്ര കഴുകിയാലും മാറാത്ത ഗന്ധം. രാത്രിയിലെ സ്ഥിരമായ യാന്ത്രികമായ സെക്സിസിനിടയിൽപോലും ആ ദുർഗന്ധം അവളെ വേട്ടയാടുന്നുണ്ട്. അതിനിടയിലും അവൾ തൻ്റെ കൈ മണത്തു നോക്കുന്നുണ്ട്. മാലയിടുന്നതിൻ്റെ തലേന്ന് ലൈറ്റണക്കാൻ പറഞ്ഞ ഭർത്താവിനോട് നിവൃത്തിയില്ലാതെ അവൾ പറയുന്നുണ്ട് ,   " എന്നും നമ്മൾ ചെയ്യില്ലേ... എനിക്ക് നല്ല പെയിനുണ്ട്. കുറച്ച് ഫോർ പ്ലേ കൂടി ഉണ്ടായാൽ എനിക്ക്..'' .."ഓ അപ്പോ എല്ലാം അറിയാമല്ലേ... ഫോർ പ്ലേ... എനിക്കും കൂടി തോന്നണ്ടേ'' എന്നായിരുന്നു അയാളുടെ മറുപടി. സെക്സിൽ പോലും സ്വന്തം ഇഷ്ടങ്ങൾ മാത്രം നോക്കുന്ന ഭർത്താവിൻ്റെ ആണഹങ്കാരത്തെ അവളുടെ ചോദ്യം ആക്രമിച്ചിരിക്കണം. ഒടുവിൽ ആ അഹങ്കാരത്തിൻ്റെ മുഖത്തേക്കാണവൾ ബക്കറ്റിലെ മലിനജലം ഒഴിക്കുന്നത്. അത് ചെന്ന് പതിക്കുന്നത് നമ്മളോരോരുത്തരുടെയും മുഖത്താണ്. മുമ്പത്തെ എല്ലാ സിനിമകളിലെയും പോലെ നിമിഷ സജയൻ്റെ അഭിനയം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.

പല സിനിമകളിലെയും പോലെ അവളുടെ ഇറങ്ങിപ്പോക്ക്  ആ വീട്ടിലേക്ക് തിരിച്ച്  വരാനോ  വേറെ കല്യാണം കഴിക്കാനോ അല്ല എന്നുള്ളത് ഒരാശ്വാസമാണ്. മഹത്തായ ഇന്ത്യൻ അടുക്കളകളെ തുറന്നു കാണിച്ച, ശബരിമല വിഷയം തുറന്നു പറയാൻ ആർജവം കാണിച്ച ജിയോ ബേബി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. മഹത്തായ കുടുംബ വ്യവസ്ഥിതി അദ്ദേഹത്തോട് പൊറുക്കട്ടെ..